വി​ജ​യ്ചൗ​ക്കി​ൽ നാ​ട​കീ​യ ​രം​ഗ​ങ്ങ​ൾ: രാ​ഹു​ൽ ഗാ​ന്ധി അ​റ​സ്റ്റി​ൽ

12:47 PM Jul 26, 2022 | Deepika.com
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം.
അതീവ സുരക്ഷാ മേഖലയായ വിജയ്ചൗക്കിൽ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് നീങ്ങിയ എംപിമാരെ പോലീസ് തടഞ്ഞു.

ഇതോടെ എംപിമാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ രാഹുൽ ഗാന്ധി വിജയ്ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസിന്‍റെ നീക്കത്തെ രാഹുൽ എതിർക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് രാഹുലിനെ പോലീസിന് അറസ്റ്റ് ചെയ്ത് നീക്കാൻ സാധിച്ചത്.

ഭരണകൂട ഭീകരതയ്ക്കെതിരെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമം നടക്കില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽനിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, കെ. മുരളീധരൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇതിനിടെ, സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നും പുറപ്പെട്ട സോണിയ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കാൻ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിയത്. സോണിയയ്ക്കൊപ്പം രാഹുലും പ്രിയങ്കയും ഇഡി ഓഫീസിൽ എത്തിയിരുന്നു.