മൊബൈല്‍ നമ്പര്‍ സസ്‌പെന്‍ഡ് ചെയ്തില്ല; മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം നിഷേധിച്ച് കേന്ദ്രം

01:14 PM Jul 26, 2022 | Deepika.com
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയുടെ മൊബൈല്‍ നമ്പര്‍ സസ്‌പെന്‍ഡ് ചെയ്‌തെന്ന ആരോപണം തള്ളി കേന്ദ്രം. ആല്‍വ തട്ടിപ്പ് സംഘത്തിന്‍റെ ഇരയായതാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് തന്‍റെ ഫോണ്‍ നമ്പര്‍ എംടിഎന്‍എല്‍ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തത്. വാട്ട്‌സ്ആപ്പിലൂടെ എംടിഎന്‍എല്‍ കെവൈസി വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിയിരുന്നില്ല.

കെവൈസി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സന്ദേശം ലഭിച്ചിരുന്നെന്നും ആല്‍വ ട്വീറ്റില്‍ വ്യക്തമാക്കി. നടപടിക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും ആല്‍വ ആരോപിച്ചിരുന്നു.

എന്നാല്‍ എംടിഎന്‍എല്‍ ഇത്തരത്തില്‍ ഒരു സന്ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. എംടിഎന്‍എല്‍ വാട്ട്‌സ്ആപ്പിലൂടെ കെവൈസി വിവരങ്ങള്‍ ചോദിക്കാറില്ല.

ആല്‍വ തട്ടിപ്പിനിരയായതാവാം. ഇത്തരത്തില്‍ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഡല്‍ഹി പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കേന്ദ്രം അറിയിച്ചു.