സോണിയയുടെ ചോദ്യം ചെയ്യൽ: കേരളത്തിലും പ്രതിഷേധം, ട്രെയിൻ തടഞ്ഞു

12:40 PM Jul 26, 2022 | Deepika.com
കോട്ടയം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ കേരളത്തിൽ പ്രതിഷേധം ശക്തം. കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.

കോട്ടയത്ത് ജനശതാബ്ദി എക്സ്പ്രസാണ് തടഞ്ഞത്. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. കണ്ണൂരിൽ ഇന്‍റർസിറ്റി എക്സ്പ്രസ് അഞ്ചുമിനിറ്റ് തടഞ്ഞിട്ടു. പാലക്കാട് ട്രെയിനിന് മുകളിൽ കയറിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തിരുന്നു. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിർദേശം. ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

സോണിയ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകുന്നതിനു മുന്പ്, പ്രതിഷേധത്തിന് തയാറെടുക്കാൻ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സമാധാനപരമായ സത്യഗ്രഹം നടത്താനാണ് പാർട്ടി പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്.