പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി ലയിക്കണം: ഹരിയാന മുഖ്യമന്ത്രി

11:10 AM Jul 26, 2022 | Deepika.com
ന്യൂഡൽഹി: കിഴക്കൻ ജർമനിയുടെയും പശ്ചിമ ജർമനിയുടെയും ഏകീകരണം പോലെ ബംഗ്ലാദേശിന്‍റെയും പാക്കിസ്ഥാന്‍റെയും ലയനവും സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കിഴക്കും പടിഞ്ഞാറും ഒന്നിക്കാൻ കഴിയുമ്പോൾ, പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുമായി ലയിപ്പിക്കാൻ സാധിക്കുമെന്ന് ഖട്ടർ പറഞ്ഞു.

1947ലെ രാജ്യത്തിന്‍റെ വിഭജനം വേദനാജനകമാണെന്ന് വിശേഷിപ്പിച്ച ഖട്ടർ അത് മതപരമായ അടിസ്ഥാനത്തിൽ ചെയ്തതാണെന്നും പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളയാളുകള്‍ക്ക് ‘ന്യൂനപക്ഷ ടാഗ്’ നല്‍കിയത് അവര്‍ക്ക് ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാവാതിരിക്കാനാണ്.

എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിച്ചു. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്. ബിജെപിയുടെ ലക്ഷ്യം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയാണെന്നും ഖട്ടർ കൂട്ടിച്ചേർത്തു.