നിലമ്പൂർ പാരമ്പര്യവൈദ്യന്‍റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ

11:12 AM Jul 26, 2022 | Deepika.com
കൽപ്പറ്റ: നിലമ്പൂരിൽ പാരമ്പര്യവൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ ഫസ്ന അറസ്റ്റിൽ. വയനാട്ടിൽനിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. വൈദ്യനെ ഒളിവിൽ പാർപ്പിച്ചതടക്കമുള്ള വിവരങ്ങൾ ഫസ്നയ്ക്ക് അറിയാമായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.

മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2020 ഒക്ടോബറിൽ ഷൈബിന്‍റെ വീട്ടിൽവച്ചായിരുന്നു സംഭവം.

ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്‍റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു.

ഒരു വര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയിരുന്നില്ല. 2020 ഒക്ടോബറില്‍ ഷൈബിന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്കു സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബ കൊല്ലപ്പെടുകയായിരുന്നു.

ഇതോടെ മൃതദേഹം കുളിമുറിയിൽ വച്ചു വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി. പിന്നീട് ഷൈബിന്‍റെ ആഡംബര കാറിൽ ഷൈബിനും ഡ്രൈവർ നിഷാദും കയറി. മറ്റൊരു ആഡംബര കാറിൽ ഷിഹാബുദീനും ഷൈബിന്‍റെ സഹായി നൗഷാദും അകന്പടിയായി പോയി പുലർച്ചെ പുഴയിൽ തള്ളുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.