പ്ലസ്ടു കഴിഞ്ഞ നൂറുപേര്‍ക്ക് സൗജന്യ ഉപരിപഠനത്തിന് സൗകര്യമൊരുക്കി മമ്മൂട്ടി

09:13 PM Jul 25, 2022 | Deepika.com
കൊച്ചി: കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും അനാഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സൗജന്യഉപരിപഠനത്തിന് സൗകര്യമൊരുക്കി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് "വിദ്യാമൃതം-2' പദ്ധതിക്കും തുടക്കമിട്ടത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മമ്മൂട്ടി ഫേസ്ബുക്കിലൂടെ നടത്തി.

പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ്, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കൊമേഴ്സ്, ഫാര്‍മസി ശാഖകളിലെ ഒരു ഡസനോളം കോഴ്സുകളിലാണ് തുടര്‍ പഠനസൗകര്യമൊരുക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എംജിഎം ഗ്രൂപ്പിന്‍റെ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, മലപ്പുറം കാമ്പസുകളില്‍ നൂറു ശതമാനം സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോൺ: 7025335111, 9946485111. കോവിഡ്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുന്നതിനായി കെയര്‍ ആന്‍ഡ് ഷെയറിലൂടെ സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്തിരുന്നു.