ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ശിബിറിലെ ചർച്ച: ചെന്നിത്തല

08:38 PM Jul 25, 2022 | Deepika.com
തിരുവനന്തപുരം: ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്നതില്‍ കടുത്ത വിഷമമുണ്ടെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്യന്തം ഹൃദയ വേദനയോടെയാണ് ശിബിരത്തില്‍നിന്ന് വിട്ടുനിന്നത്. എന്നാൽ, ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.