ന്യൂഡല്‍ഹി: കേരളത്തിലെ ഹോമിയോ,ആയുര്‍വേദ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവണ്മെന്റ് ഹോമിയോ ഓഫീസേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സംസ്ഥാനത്തെ എംബിബിഎസ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി സർക്കാർ ഉയര്‍ത്തിയതിനു സമാനമായി ഹോമിയോ,ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന് കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ കാര്യത്തില്‍ ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞു, വിഷയത്തിൽ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും കോടതി നിലപാട് വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം എന്താണെന്ന് മൂന്നുമാസത്തിനകം കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. നേരത്തെ സമാന ആവശ്യവുമായി ഹോമിയോ ഓഫീസേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഹോമിയോ,ആയുര്‍വേദ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
03:11 PM Jul 25, 2022 | Deepika.com