കോല്‍ക്കത്ത: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റി. കോല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ചാറ്റര്‍ജിയെ എയിംസിലേക്ക് മാറ്റിയത്.
ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുര്‍ന്ന് ചാറ്റര്‍ജിയെ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ മന്ത്രിയുടെ ആശുപത്രി വാസത്തില്‍ ദുരൂഹത ആരോപിച്ച് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരത്തില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിനു കീഴിലല്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാണ് ഇഡി ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം ഇന്ന് രാവിലെ എയര്‍ ആംബുലന്‍സിലാണ് ചാറ്റര്‍ജിയെ ഭുവനേശ്വറിലേക്ക് മാറ്റിയത്.
മന്ത്രിയെ വൈകാതെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ഇയാളുടെ സഹായി അര്‍പ്പിത മുഖര്‍ജിയെയും ഇഡി ചോദ്യം ചെയ്യും.
അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രിയെ ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി
01:02 PM Jul 25, 2022 | Deepika.com