പീഡന കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

10:38 AM Jul 24, 2022 | Deepika.com
കണ്ണൂർ: പീഡന കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാറിനെതിരേയാണ് നേതൃത്വം നടപടിയെടുത്തത്.

കഴിഞ്ഞ 15 നാണ് സഹകരണ സംഘം ജീവനക്കാരിയായ യുവതിയെ കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനപരാതിയിൽ എടക്കാട് പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്തത്.

കൃഷ്ണകുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ജോലി ചെയ്ത് കൊണ്ടിരിക്കുന്ന യുവതിയെ പുറകിൽനിന്ന് പോയി കെട്ടിപിടിക്കുന്ന സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്.

എതിർക്കാൻ ശ്രമിച്ച യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതി ജോലിക്ക് പോകുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. യുവതിയുടെ മാറ്റം മനസിലാക്കിയ വീട്ടുകാർ കാര്യം തിരക്കിയെങ്കിലും യുവതി പറയാൻ തയാറായില്ല. നിർബന്ധിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.

തുടർന്ന് പരാതി നൽകുകയായിരുന്നു. സഹകരണസംഘത്തിലെ മറ്റ് ജീവനക്കാർ പുറത്ത് പോയ സമയം നോക്കി എത്തിയ കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം തുടങ്ങിയതറിഞ്ഞ് കൗൺസിലർ ഒളിവിൽ പോയിരിക്കുകയാണ്.

കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്‍റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തെരഞ്ഞെടുത്തതിന് ശേഷമാണ് സ്ഥാനത്ത് നിന്ന് മാറിയത്. ഒളിവിൽ കഴിയുന്ന കൃഷ്ണകുമാറിനെ കണ്ടെത്താനുള്ള നീക്കങ്ങൾ പോലീസ് നടത്തുന്നുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.