കോൺഗ്രസ് തളർന്നാൽ ഇന്ത്യ തകരും: കെ. സുധാകരൻ

04:40 PM Jul 23, 2022 | Deepika.com
കോഴിക്കോട്: കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരേ കോൺഗ്രസ് നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറുതെയാകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പരാജയം കോൺഗ്രസ് പ്രവർത്തകരെ തളർത്തിയിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ ശക്തമായി സമരമുഖത്തുണ്ടെന്നും കോഴിക്കോട്ട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ സുധാകരൻ പറഞ്ഞു.

ചിന്തൻ ശിബിരത്തിൽ ഉള്ളുതുറന്ന് പറഞ്ഞ് ആത്മവിശ്വാസത്തിന്‍റെ പുത്തൻ പാതയുണ്ടാകണം. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും കോൺഗ്രസ് ദുർബലമായിട്ടുണ്ട്. കോൺഗ്രസ് തളർന്നാൽ ഇന്ത്യ തകരും. കോൺഗ്രസ് തളർന്നപ്പോൾ വർഗീയത വളരുന്നതാണ് നാം ഇപ്പോൾ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇടതുമുന്നണിക്കെതിരേയും സുധാകരൻ രംഗത്തെത്തി. ഇടതുപക്ഷം ജനാധിപത്യ അവകാശം തകർക്കുകയാണ്. കേരളം ഭരിക്കുന്നത് ഏകാധിപതി സർക്കാരാണ്. കേരളത്തിലെ ഭരണ നെറികേടുകൾക്കും അഴിമതിക്കുമെതിരേ കോൺഗ്രസ് നടത്തുന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഈ സമരങ്ങൾ ലക്ഷ്യം കാണണമെന്നും പ്രവർത്തകരോട് സുധാകരൻ ആവശ്യപ്പെട്ടു.