യാ​സീ​ൻ മാ​ലി​ക് ജ​യി​ലി​ൽ നിരാഹാരം അ​നു​ഷ്ഠി​ക്കു​ന്നു

12:45 PM Jul 23, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നങ്ങ​ൾ​ക്ക് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന കാ​ഷ്മീ​ർ വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സീ​ൻ മാ​ലി​ക് തീ​ഹാ​ർ ജ​യി​ലി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്നു.

താ​ൻ പ്ര​തി​യാ​യ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മ്മു കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് നേ​താ​വാ​യ മാ​ലി​ക്കി​ന്‍റെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം.

തീ​ഹാ​റി​ലെ ഏ​ഴാം ന​ന്പ​ർ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ഏ​കാ​ന്ത ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന മാ​ലി​ക് കാ​ഷ്മീ​രി​ലെ നി​ര​വ​ധി തീ​വ്ര​വാ​ദ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ സ​ഹോ​ദ​രി റു​ബൈ​യ​യെ 1989 ഡി​സം​ബ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി​യ കേ​സി​ലും 1990-ൽ ​എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും മാ​ലി​ക്കി​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

2017-ൽ ​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക് പ​ണം കൈ​മാ​റി എ​ന്ന കേ​സി​ൽ 2019 മു​ത​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് മാ​ലി​ക്.