ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന വിദ്യാർഥികളെ മർദിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

12:46 PM Jul 23, 2022 | Deepika.com
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് സദാചാര പോലീസ് ചമഞ്ഞ് വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കരിന്പ സ്വദേശികളായ സിദ്ദിഖ്, ജലീൽ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഇവർ മർദിച്ചത്. പരുക്കേറ്റ കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

കണ്ടാലറിയാവുന്ന അഞ്ചുപേരാണ് മര്‍ദിച്ചതെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കല്ലടിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം.

ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ യുവാക്കള്‍ ചോദ്യം ചെയ്തു. ആദ്യം പെണ്‍കുട്ടികളെ തടഞ്ഞ് നാട്ടുകാരെന്ന് പരിചയപ്പെടുത്തിയവര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഇത് കണ്ടാണ് സഹപാഠികളായ അഞ്ച് വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചത്. പിന്നീട് സദാചാര പോലീസിംഗ് വിദ്യാര്‍ഥികള്‍ക്ക് നേരെയായി. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മർദ്ദനമേറ്റു . ആളുകൂടുന്നത് കണ്ട് മർദിച്ചവർ സ്ഥലംവിട്ടു.

വിദ്യാർഥികളുടെ പരാതിയിൽ ആദ്യം പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും പിന്നീട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കേസെടുത്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

സദാചാര പോലീസിംഗ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കല്ലടിക്കോട് പോലീസ് അറിയിച്ചു.