ലക്ഷദ്വീപില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മാംസാഹാരം തുടരാൻ നിര്‍ദേശം

12:46 PM Jul 23, 2022 | Deepika.com
കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മാംസാഹാരം തുടരാന്‍ വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ലക്ഷദ്വീപ് അഡ്മിനിട്രേറ്ററായി പ്രഫൂല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണത്തോടൊപ്പം മാംസാഹാരം നല്‍കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. എന്നാല്‍ സുപ്രീംകോടതി കഴിഞ്ഞ മെയ് 22ന് ലക്ഷദ്വീപ് സ്വദേശികള്‍ക്കനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെയുള്ള രീതിയില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മാംസാഹാരം തുടരാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയത്.