അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിയുതിർത്ത് ബിഎസ്എഫ്

10:47 AM Jul 23, 2022 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. കണച്ചക്ക് മേഖലയിലാണ് പാക് ഡ്രോൺ ഇന്ത്യൻ അതിർത്തി കടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

അതിർത്തി രക്ഷാസേന (ബിഎസ്എഫ്) വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ മടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 9.40നാണ് പാക് ഭാഗത്തുനിന്ന് ചുവന്ന ലൈറ്റ് മിന്നി മറഞ്ഞ് വരുന്നതായി സൈനികർ കണ്ടത്. ഉടൻതന്നെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടങ്ങി.