അയ്യമ്പുഴയില്‍ കാട്ടാന ശല്യം രൂക്ഷം; വ്യാപകമായി കൃഷി നശിപ്പിച്ചു

12:20 PM Jul 22, 2022 | Deepika.com
കൊച്ചി: അങ്കമാലി അയ്യമ്പുഴയില്‍ കാട്ടാന ഇറങ്ങി ഏക്കറ് കണക്കിന് കൃഷി നശിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടാനക്കൂട്ടം ഇറങ്ങി.

കണ്ണിമംഗലം സ്വദേശി പൗലോസിന്‍റെ ഒന്നേകാല്‍ ഏക്കര്‍ കൃഷി ആനക്കൂട്ടം ചവിട്ടിമെതിച്ചു.നിരവധി വാഴകളും നെല്‍കൃഷിയും നശിപ്പിച്ചു. ജെയിംസിന്‍റെ നാലേക്കര്‍ കൃഷിയിടത്തിലും ആനയിറങ്ങി. ജാതിയും, നെല്ലും, തെങ്ങും പൈനാപ്പിള്‍ കൃഷിയുമെല്ലാം ആനക്കൂട്ടം നശിപ്പിച്ചു.

എടമലയാര്‍, കരിമ്പാനി, തുണ്ടം, മുളങ്കുഴി പ്രദേശങ്ങളില്‍ നിന്നാണ് അയ്യമ്പുഴ പഞ്ചായത്തിലെ കണ്ണിമംഗലം ഭാഗത്ത് ആനക്കൂട്ടമെത്തുന്നത്. യൂക്കാലി മുതല്‍ കിഴക്കേകണ്ണിമംഗലം വരെയും, കിഴക്കേകണ്ണിമംഗലം മുതല്‍ കൊല്ലക്കോട് വരെയും വൈദ്യുതി വേലി നിര്‍മ്മിക്കുക മാത്രമാണ് കാട്ടുമൃഗങ്ങളെ തുരത്താനുള്ള ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍ പറഞ്ഞു.