മിനിയപോളിസ്: ലോകമെങ്ങും അലയടിച്ച "ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധങ്ങൾക്ക് തുടക്കമിട്ട അമേരിക്കൻ പൗരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിയായ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി കോടതി ശിക്ഷ വിധിച്ചു.
കേസിലെ നാല് പ്രതികളിലൊരാളായ തോമസ് ലെയ്ൻ എന്ന ഉദ്യോഗസ്ഥനാണ് മിനിയപോളിസ് കോടതി രണ്ടര വർഷം തടവ് വിധിച്ചത്. മനുഷ്യാവകാശ ലംഘനം, കുറ്റകരമായ അനാസ്ഥ എന്നീ കുറ്റങ്ങളാണ് ലെയ്നിന് മേൽ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്.
കള്ളനോട്ട് കൈവശം വച്ചു എന്ന സംശയത്തിലാണ് 2020 മേയിൽ കറുത്ത വർഗക്കാരനായ ഫ്ളോയിഡിനെ മിനിയപോളിസ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡെറിക് ചോവിൻ എന്ന ഉദ്യോഗസ്ഥൻ കൈവിലങ്ങ് അണിയിക്കാൻ ശ്രമിക്കവെ ഫ്ളോയിഡിനെ കാൽമുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ചോവിനെ മിനിയപോളിസ് കോടതി 21 വർഷം തടവിന് വിധിച്ചിരുന്നു. കേസിലെ പ്രതികളായ മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ വാദം കോടതി പരിഗണനയിലാണ്.
ജോർജ് ഫ്ളോയിഡ് കൊലപാതകം: പോലീസുകാരന് തടവുശിക്ഷ
11:16 AM Jul 22, 2022 | Deepika.com