തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ് ഉയർത്തി പിടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്ന പോലീസിന്റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പോലീസ് രാഷ്ട്രീയം കളിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടിവന്നത്.
അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി. ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടത് ഭരണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് സുധാകരൻ
06:17 PM Jul 20, 2022 | Deepika.com