ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടിന്റെ ശക്തി നേരിയ തോതിൽ വർധിച്ചു. ഹെൻലി റിപ്പോർട്ട് സൂചിക പ്രകാരം കഴിഞ്ഞ വർഷം 90-ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്പോർട്ടിന്റെ നിലവിലെ സ്ഥാനം 87-ാമതാണ്.
വിദേശ രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസപ്പോർട്ടിന്റെ ശക്തി കണക്കാകുന്നത്. 2006-ൽ 74ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം പീന്നിട് ഇടിയുകയായിരുന്നു. 2020-ൽ 84ാംമതും 2021-ൽ 90ാംമതുമായിരുന്നു ഇന്ത്യയുടെ സ്ഥാനം.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 60 രാജ്യങ്ങളിൽ മുൻകൂർ വീസയില്ലാതെ സന്ദർശിക്കാം. ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോർട്ട് ജപ്പാന്റെയാണ്. 193 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. തുടർച്ചയായി നാലാം തവണയാണ് ജപ്പാൻ ഒന്നാം സ്ഥാനം എത്തുന്നത്.
192 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന സിംഗപ്പൂർ, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പട്ടിക പ്രകാരം ബ്രിട്ടൺ ആറാമതും അമേരിക്ക ഏഴാമതുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
ലോകത്തെ ഏറ്റവും "പവർഫുൾ' പാസ്പോർട്ട്; ഇന്ത്യക്ക് നേരിയ മുന്നേറ്റം
05:40 PM Jul 20, 2022 | Deepika.com