ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പുതിയ പ്രസിഡന്‍റ്

03:00 PM Jul 20, 2022 | Deepika.com
കൊളംബോ: ഭരണപ്രതിസന്ധി നിലനിൽക്കുന്ന ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെയെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി പാർലമെന്‍റിൽ നേരിട്ടു നടന്ന തെരഞ്ഞെടുപ്പിൽ 134 വോട്ടുകൾ നേടിയാണ് റനിൽ വിജയിച്ചത്. .

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ വിക്രമസിംഗെ പാർലമെന്‍റിൽ പറഞ്ഞു.

സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇന്നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർലമെന്‍റിൽ നേരിട്ടു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാർഥികളാണ് മത്സരിച്ചത്.

ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യുടെ അനുര കുമാര ദിസനായകെയും മത്സരരംഗത്തുണ്ടായിരുന്നു. മൂന്നു വോട്ടുകൾ മാത്രമാണ് അനുര കുമാരയ്ക്ക് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ അവസാനനിമിഷം മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.

ഭരണത്തിനു നേതൃത്വം നൽകുന്ന എസ്എൽപിപിയുടെ ഔദ്യോഗിക പിന്തുണ വിക്രമസിംഗെയ്ക്കായിരുന്നു. രജപക്സെ വിരുദ്ധവികാരമാണ് അദ്ദേഹത്തിന് ഗുണംചെയ്തത്.

റനിലിന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ തെരുവിൽ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗോത്താബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണു പുതിയ പ്രസിഡന്‍റിനു തുടരാനാകുക.