സ്പീക്കറുടെ റൂളിംഗ്; കെ.കെ. രമയ്ക്കെതിരായ പരാമർശം പിൻവലിച്ച് മണി

01:23 PM Jul 20, 2022 | Deepika.com
തിരുവനന്തപുരം: കെ.കെ. രമയെ അധിക്ഷേപിച്ച പരാമർശത്തിൽ മുൻ മന്ത്രി എം.എം. മണിയെ തള്ളി സ്പീക്കർ എം.ബി രാജേഷ്. മണി പറഞ്ഞത് തെറ്റായ ആശയമെന്നും പുതിയ കാലത്തിന് ചേർന്നതല്ല അംഗങ്ങളുടെ ഇത്തരം പ്രയോഗമെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറുടെ റൂളിംഗിന് പിന്നാലെ മണി പരാമർശം പിൻവലിച്ചു. കമ്യൂണിസ്റ്റായ താൻ "വിധി' എന്ന വാക്ക് പറയാൻ പാടില്ലായിരുന്നുവെന്ന് മണി പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്നും മണി സഭയിൽ വ്യക്തമാക്കി.

മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ല. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു.

കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നുമാണ് മണി നേരത്തേ പറഞ്ഞിരുന്നത്.