സ്വര്‍ണക്കടത്ത് കേസ് കേരളത്തില്‍നിന്ന് മാറ്റണം; ഇഡി സുപ്രീംകോടതിയില്‍

01:09 PM Jul 20, 2022 | Deepika.com
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ്. കേസുകള്‍ കേരളത്തില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ചാണ് നീക്കം.

നിലവില്‍ എറണാകുളം കോടതിയുടെ പരിഗണനയിലുള്ള കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹര്‍ജി നല്‍കിയത്. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാവില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി ശിവശങ്കര്‍ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചതും, മറ്റൊരു പ്രതി സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയിരിക്കുന്നതുമായ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇഡി നീക്കം. കേന്ദ്ര സര്‍ക്കാരിന്‍റെ അറിവോടെയാണ് ഇഡി നീക്കമെന്നാണ് വിവരം.