ശബരിനാഥ് വിഷയം സഭയിൽ: മുഖ്യമന്ത്രി ഭീരുവാണെന്ന് സതീശൻ, ഇറങ്ങിപ്പോക്ക്

11:29 AM Jul 20, 2022 | Deepika.com
തിരുവനന്തപുരം: ശബരിനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ഷാഫി പറന്പിലാണ് നോട്ടീസ് നൽകിയത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് മന്ത്രി പി.രാജീവ് സഭയിൽ പറഞ്ഞു. കോടതി പരിശോധിച്ച് ജാമ്യം അനുവദിച്ച കേസാണ്. ഈ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും പോലീസിന്‍റെ നടപടി സ്വാഭാവികം മാത്രമാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് സഭയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഭീരുവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ചോദ്യങ്ങൾ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മുൻ അംഗമായിരുന്ന ശബരീനാഥനെ കള്ളക്കേസിൽ കുടുക്കിയത് ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കോടതിയുടെ പരിഗണനയിലിരിക്കെ സോളാർ കേസും ബാർ കോഴ കേസും നിരവധി തവണ സഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവം സഭയിൽ അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത നടപടി ശരിയല്ലെന്നും സതീശൻ പറഞ്ഞു.

ആദ്യ സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്ന് ഡെപ്യൂട്ടീ സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ നിലപാടെടുത്തതോടെ തങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.