ഷിന്‍ഡെ പക്ഷത്തിന് ലോക്‌സഭയില്‍ അംഗീകാരം;നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

10:33 AM Jul 20, 2022 | Deepika.com
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വിമത വിഭാഗമായ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ലോക്‌സഭയില്‍ അംഗീകാരം. ശിവസേനയുടെ ഔദ്യോഗിക പക്ഷം ഷിന്‍ഡെ വിഭാഗമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. ശിവസേനയുടെ 19 എംപിമാരില്‍ 12 പേരും ഷിന്‍ഡെയെ അനുകൂലിച്ച് കത്ത് നൽകിയതോടെയാണ് സ്പീക്കറുടെ നടപടി.

അതേസമയം ഔദ്യോഗിക പക്ഷം ആരെന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി നിര്‍ണായക വിധി പറയും. ഷിന്‍ഡെ അടക്കം 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

താക്കറെ പക്ഷത്തെ 14 പേരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഷിന്‍ഡെ വിഭാഗവും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഷിന്‍ഡെ പക്ഷത്തെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് താക്കറെ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഓരോന്നും നിരീക്ഷിച്ചുവരികയാണെന്നും വിധി പറയാന്‍ സമയമെടുക്കുമെന്നുമാണ് കോടതി പറഞ്ഞത്.

മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ 160ല്‍ അധികം വോട്ടുകള്‍ നേടിയതും ഷിന്‍ഡെ പക്ഷത്തിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.