ന്യൂഡല്‍ഹി: പ്രവാചക നിന്ദാകേസില് മുന്‍ ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയെ ഓഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. ഇനി ഏതെങ്കിലും സംസ്ഥാനങ്ങള്‍ പുതുതായി കേസ് രജിസ്റ്റര്‍ ചെയ്താലും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്ന് കോടതി പറഞ്ഞു.
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 9 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റെല്ലാ കേസുകളും റദ്ദാക്കി ഡല്‍ഹിയിലെ മാത്രം എഫ്ഐആര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് നുപുര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നുപുറിന്റെ ആവശ്യത്തില്‍ കേസെടുത്ത സംസ്ഥാനങ്ങള്‍ നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിച്ച ശേഷം എഫ്ഐആര്‍ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
നേരത്തെ സമാന ആവശ്യവുമായി നുപുര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസുകള്‍ റദ്ദാക്കാന്‍ അതത് ഹൈക്കോടതികളെ സമീപിക്കാനായിരുന്നു അന്ന് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ തനിക്കെതിരെ പലരും വധഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചതെന്ന് നുപുര്‍ വ്യക്തമാക്കി. തന്നെ വധിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഒരാള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നും നുപുര്‍ കോടതിയില്‍ പറഞ്ഞു.
നുപുര്‍ ശര്‍മ്മയെ ഓഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
04:18 PM Jul 19, 2022 | Deepika.com