തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ അറസ്റ്റിൽ.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ശബരിനാഥന് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് ഹാജരായതിനൊപ്പം ശബരിനാഥൻ മുൻകൂർ ജാമ്യത്തിനായി കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സർക്കാർ അഭിഭാഷകൻ അറിയിക്കുന്നത്. പിന്നാലെ കോടതി അറസ്റ്റിന്റെ വിശദാംശങ്ങളും സമയവും സർക്കാരിനോട് തേടി.
മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; ശബരിനാഥൻ അറസ്റ്റിൽ
02:25 PM Jul 19, 2022 | Deepika.com