സ്പെയ്നിലെ നിശാക്ലബിൽ വെടിവയ്പ്; അഞ്ച് പേർക്ക് പരിക്ക്

05:02 AM Jul 19, 2022 | Deepika.com
മാഡ്രിഡ്: തെക്കൻ സ്പെയ്നിലെ മാർബെല്ലയിലുള്ള നിശാക്ലബിലുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും അഞ്ച് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെടിയുതിർത്തയാളെ അനുഗമിച്ചിരുന്ന 26 കാരനായ മറ്റൊരു പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശിക സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. വെടിയേറ്റ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരിൽ 32 വയസുകാരിയായ സ്ത്രീയും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

അക്രമിയേയും കുത്തേറ്റ പരിക്കുകളോടെ കോസ്റ്റ ഡെൽ സോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.