കിഴക്കൻ ലഡാക്ക് സംഘർഷം: ഇന്ത്യ-ചൈന തർക്കം പരിഹരിക്കാൻ ധാരണ

10:30 PM Jul 18, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യ- ചൈന 16-ാമത് ഉന്നതതല സൈനിക ചർച്ചയിൽ കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റത്തിൽ തീരുമാനമായില്ല. എന്നാൽ തർക്കങ്ങൾ ഉടൻ പരിഹരിക്കാൻ ധാരണയായെന്ന് ഇരു രാജ്യവും പ്രസ്താവന ഇറക്കി.

സൈനിക നയതന്ത്ര ചർച്ചകൾ തുടരുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. ലഡാക്കിലെ ചുഷുൾ മോൾഡോ പോയിന്‍റിലാണ് ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളായ ഹോട്ട് സ്പ്രിംഗ് എന്നറിയപ്പെടുന്ന പട്രോളിംഗ് പോയിന്‍റ് 15, ഡെപ്സാംഗ് മുനന്പ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നും പിന്മാറണമെന്ന് 15-ാമത് സൈനികതല ചർച്ചയിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഗൽവാൻ താഴ്വരയിൽ 2020 ൽ ഉണ്ടായ സംഘർഷങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ഫയർ ആൻഡ് ഫ്യൂറി കോർപ്സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ എ. സെൻഗുപ്തയാണ് ചർച്ചയിൽ ഇന്ത്യൻ സേനയെ നയിച്ചത്.