"ഇൻഡിഗോ ഇനി കണ്ണൂരിലെ ആകാശം കാണില്ല': ഇ.പിയെ എയറിൽ നിർത്തി ട്രോൾ മഴ!

09:29 PM Jul 18, 2022 | Deepika.com
കൊച്ചി: "ഇനി കണ്ണൂരിന്‍റെ ചുവന്ന മണ്ണിനു മുകളിലൂടെ ഇന്‍ഡിഗോ വിമാനം പറക്കണോ വേണ്ടയോ എന്ന് സഖാക്കള്‍ തീരുമാനിക്കും. ഉയര്‍ന്നുപറക്കാനാണ് തീരുമാനം എങ്കില്‍ എറിഞ്ഞിടാന്‍ ഇവിടെ പാര്‍ട്ടിക്ക് ചുണക്കുട്ടികള്‍ ഉണ്ട്'- വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട അനേകം പോസ്റ്റുകളിലൊന്നാണിത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ചത്തെ യാത്രാവിലക്ക് വന്നതിനു പിന്നാലെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ട്രോള്‍ കമന്‍റുകളാല്‍ നിറഞ്ഞത്.

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ വിമാനങ്ങളില്‍ താനോ കുടുംബമോ കയറില്ലെന്ന ഇ.പിയുടെ പ്രഖ്യാപനം കൂടി വന്നതോടെ ട്രോളുകളുടെ പെരുമഴയായി. "കേരളത്തിന്‍റെ അകാശത്തൂടെ നിങ്ങടെ വിമാനം പറക്കണോ വേണ്ടയോ എന്ന ഇനി ഞങ്ങള്‍ തീരുമാനിക്കും.... നിങ്ങളേക്കാള്‍ എയറില്‍ നിന്നും പരിചയസമ്പത്തുള്ളയാളാ പറയുന്നത്', ' സ്വന്തം കുന്തത്തില്‍ യാത്രാസൗകര്യമൊരുക്കുമെന്ന് ലുട്ടാപ്പി',' നിങ്ങള്‍ ഇനി ചെരുപ്പുകമ്പനി തുടങ്ങന്നതാണ് നല്ലത്, ജയരാജേട്ടനും കുടുംബവും ഇനി മുതല്‍ നടക്കുകയാണ്', ' കെ-റെയില്‍ വരുന്നതുവരേയുള്ളൂ നിന്‍റെയൊക്കെ കളി', ' എത്രയാ ഇന്‍ഡിഗോ ബിമാനത്തിന്‍റെ ബെള'- തുടങ്ങി തലങ്ങും വിലങ്ങും ട്രോളുകളാണ് പേജിൽ.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ മാത്രമാണെന്ന് ഇ.പി. ജയരാജന് അറിയാമായിരുന്നോ എന്ന കമന്‍റും ചിലരുടേതായുണ്ട്. പേജിലെ ഒരു ഔദ്യോഗിക പോസ്റ്റിനു കീഴില്‍ നാലുമണിക്കൂറിനിടെ രണ്ടായിരത്തോളം കമന്‍റുകളാണ് വന്നത്. മൂവായിരത്തോളം ലൈക്കുകളും 120-ഓളം ഷെയറുകളും ഇതിനുണ്ട്.