മോദിയുടേത് മരിച്ചവരെ പോലും വെറുതെവിടാത്ത രാഷ്ട്രീയ പകപോക്കൽ: കോൺഗ്രസ്

02:45 PM Jul 16, 2022 | Deepika.com
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) കണ്ടെത്തലിനെതിരേ വിമർശനവുമായി കോൺഗ്രസ്. ഗുജറാത്ത് കലാപത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള മോദിയുടെ തന്ത്രമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

മരിച്ചവരെ പോലും വെറുതെവിടാത്ത രാഷ്ട്രീയ പകപോക്കലാണ് മോദി സർക്കാർ നടത്തുന്നത്. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ, മുപ്പതുലക്ഷം രൂപ ടീസ്റ്റ സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നാണ് അന്വേഷണസംഘം വെളിപ്പെടുത്തിയത്.

അഹമ്മദാബാദ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാംങ്മൂലത്തിലാണ് പ്രത്യേക അന്വേഷണ സംഘം അഹമ്മദ് പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേൽ 2020ലാണ് മരണമടഞ്ഞത്.