ദത്ത് വിവാദം: കുറ്റക്കാർക്കെതിരെ നടപടി വൈകുന്നുവെന്ന് അനുപമ

12:06 PM Jul 16, 2022 | Deepika.com
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ അനുപമ. വകുപ്പ്തല അന്വേഷണം നടത്തി റിപ്പോർട്ട് നൽകി എട്ട് മാസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്ന് അനുപമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അനുപമയുടെ അറിവോ സമ്മതമൊ ഇല്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമസമിതിക്കും ചൈൾഡ് വെൽഫെയർ കമ്മിറ്റിക്കും വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് എട്ട് മാസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ അവരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് കുഞ്ഞിന്‍റെ അമ്മ അനുപമയുടെ ആക്ഷേപം.

കുഞ്ഞിനെ തിരിച്ച് കിട്ടാൻ അനുപമ മുൻപ് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമരത്തെ തുടർന്ന് കുഞ്ഞിനെ തിരികെ നൽകി സർക്കാർ തലയൂരുകയായിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി അനുപമ മുന്നോട്ട് പോകുകയായിരുന്നു.