തിരുവനന്തപുരം: ഓണം ബംപറടിച്ചിരുന്നെങ്കില് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൊടുക്കാമായിരുന്നെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 25 കോടി രൂപ സമ്മാനതുകയുള്ള ഓണം ബംപറിന്റെ പുതിയ ടിക്കറ്റ് പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.
കെഎസ്ആര്‍ടിസി ഗുരുതരമായ ശമ്പള പ്രതിസന്ധി നേരിടുമ്പോളാണ് മന്ത്രി ക്രൂരമായ തമാശ പറഞ്ഞ് ചിരിക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ശമ്പള വിതരണം ഇതുവരെ സാധാരണ നിലയിലായിട്ടില്ല.
ഈ മാസം പകുതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തു തീര്‍ന്നിട്ടില്ല. മെയ് മാസത്തെ ശമ്പളം കൊടുത്തു തീര്‍ത്തത് ജൂലൈ രണ്ടിന് മാത്രമാണ്.
ഈ മാസത്തെ ശമ്പളം നല്കാന് 60 കോടി രൂപയാണ് കെഎസ്ആര്‍ടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധനവകുപ്പ് ഈ ഫയല്‍ മടക്കിയെന്നാണ് വിവരം.
ഓണം ബംപറടിച്ചിരുന്നെങ്കില് ശമ്പളം കൊടുക്കാമായിരുന്നെന്ന് ആന്റണി രാജു
10:50 AM Jul 16, 2022 | Deepika.com