ഒറ്റ ദിവസത്തില്‍ 12 ബലൂചി തടവുകാരെ ഇറാന്‍ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്

01:32 PM Jun 08, 2022 | Deepika.com
ടെഹ്റാന്‍: ഒറ്റ ദിവസത്തില്‍ 12 ബലൂചി തടവുകാരെ ഇറാന്‍ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന്, കൊലപാതക കേസുകളിലെ പ്രതികളെയാണ് തൂക്കിലേറ്റിയതെന്നാണ് വിവരം.

11 പുരുഷന്‍മാരെയും ഒരു സ്ത്രീയെയും ആണ് തൂക്കിലേറ്റിയത്. തിങ്കളാഴ്ച രാവിലെ സഹീദാനിലെ പ്രധാന ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ടവരില്‍ ആറ് പേര്‍ മയക്കുമരുന്നു കേസിലെ പ്രതികളും ആറ് പേര്‍ കൊലപാതകകേസിലെ പ്രതികളുമാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൂക്കിലേറ്റപ്പെട്ട സ്ത്രീ.

സുന്നി വിഭാഗത്തില്‍ വരുന്ന ബലൂചി സമൂദായത്തില്‍പെട്ടവരാണ് തൂക്കിലേറ്റപ്പെട്ടവര്‍. ഇറാനിലെ മതന്യൂനപക്ഷങ്ങളെ വ്യാപകമായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ നേരത്തെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇറാനിലെ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 2021 ല്‍ തൂക്കിലേറ്റിയവരില്‍ 21 ശതമാനവും ബലൂചി തടവുകാരാണ്. വര്‍ഷാവര്‍ഷം ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരാക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അവ്യക്തമായ കുറ്റങ്ങള്‍ ചുമത്തി വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇറാന്‍ വധശിക്ഷ പ്രയോഗിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷ്നലും വ്യക്തമാക്കി. രാഷ്ട്രീയ അടിച്ചമര്‍ത്തലിനുള്ള ഉപകരണമായി ഇറാന്‍ വധശിക്ഷ ഉപയോഗിക്കുകയാണെന്നും ആംനസ്റ്റി ഇന്‍റര്‍നാഷ്നല്‍ വിമര്‍ശിച്ചു.