ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ടപാത സുരക്ഷാ പരിശോധന തുടങ്ങി

11:26 AM May 23, 2022 | Deepika.com
കോട്ടയം: ഏറ്റുമാനൂർ -ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന തുടങ്ങി. റെയിൽവേ സുരക്ഷാ കമ്മീഷണർ അഭയ്കുമാർ റായിയാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. ഉച്ചകഴിഞ്ഞ് പാതയിൽ വേഗപരിശോധനയും നടത്തും.

പാതയിലെ ഇന്നത്തെ പരിശോധന വളരെ പ്രധാനമാണെന്ന് അഭയ്കുമാർ റായി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യേക കോച്ചിൽ സുരക്ഷാ കമ്മീഷണർ നടത്തുന്ന പരിശോധനയെത്തുടർന്നു നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.

സുരക്ഷാ കമ്മീഷൻ പരിശോധന പൂർത്തിയായിക്കഴിഞ്ഞ് സിഗ്നലുകൾ നവീകരിക്കും. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.

സുരക്ഷാ പരിശോധനയുടെ മുന്നോടിയായി, കഴിഞ്ഞ ദിവസം പുതിയ പാതയിൽ എൻജിൻ ഉപയോഗിച്ചു പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പുതിയ പാലങ്ങൾ ഉൾപ്പെടെയുള്ള റൂട്ടിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നുവെന്നാണു റെയിൽവേയുടെ വിലയിരുത്തൽ.