റഷ്യൻ സൈനിക വാഹനങ്ങളിലെ "Z' ചിഹ്നത്തിന്‍റെ അർഥമെന്താണ്?

10:48 AM Mar 08, 2022 | Deepika.com
കൈവ്: യുക്രെയിനിന്‍റെ മണ്ണിൽ ഇരന്പി നീങ്ങുകയും കുതിച്ചുപായുകയും ചെയ്യുന്ന റഷ്യൻ സൈനിക വാഹനങ്ങളിലേക്കു നോക്കുന്നവർക്ക് ഒറ്റ നോട്ടത്തിൽ കണ്ണിൽത്തടയുന്നത് ഒരു "Z' അടയാളമാണ്. ഒരു വാഹനത്തിലല്ല എല്ലാ വാഹനങ്ങളിലും. പണ്ടു മുതലേ വണ്ടിയിൽ പതിച്ചിട്ടുള്ള രീതിയിലല്ല ഇവ കാണപ്പെടുന്നത്.

ബ്രഷ് കൊണ്ട് അടുത്ത സമയത്ത് എഴുതിച്ചേർത്തതു പോലെയാണ് ഈ ഇംഗ്ലീഷ് അക്ഷരം മിക്ക വാഹനങ്ങളിലും കാണപ്പെടുന്നത്. കുറെ ദിവസമായി മാധ്യമങ്ങളും നിരീക്ഷകരുമൊക്കെ ഈ അടയാളത്തിന്‍റെ പിന്നാലെയായിരുന്നു. റഷ്യൻ കേന്ദ്രങ്ങളൊന്നും ഒൗദ്യോഗികമായി വിശദീകരിക്കാത്തതിനാൽ എന്താണ് ഈ അടയാളത്തിന്‍റെ അർഥമെന്ന ഒൗദ്യോഗിക ഭാഷ്യമൊന്നും ലഭ്യമല്ല.

എന്നാൽ, വിദഗ്ധരും നിരീക്ഷകരും ഇതിനകം ചില നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ സൈനിക വാഹനങ്ങളിൽ മാത്രമല്ല, റഷ്യയിലെ സാധാരണക്കാരുടെ വാഹനങ്ങളിൽ വരെ സെഡ് അക്ഷരം എഴുതിച്ചേർത്തിരിക്കുന്നതും സ്റ്റിക്കർ ആയി പതിച്ചിരിക്കുന്നതും കാണാം. പതിമൂന്നു ദിവസമായി റഷ്യ നടത്തുന്ന യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷമാണ് ഈ അക്ഷരം പതിപ്പിക്കാൻ തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

സൈനിക വാഹനങ്ങളിൽ പതിവായി കണ്ടു തുടങ്ങിയതോടെയാണ് റഷ്യയിലെ സാധാരണക്കാരും ബിസിനസുകാരുമൊക്കെ ഇതു യുദ്ധത്തിലെ റഷ്യൻ അടയാളമായി വാഹനങ്ങളിലും മറ്റും പതിപ്പിക്കാൻ തുടങ്ങിയത്. റഷ്യൻ ടാങ്കുകളിലും സൈനിക വാഹനങ്ങളിലുമെല്ലാം സെഡ് അടയാളം പതിപ്പിച്ചിട്ടുണ്ട്.

ബ്രഷ് ഉപയോഗിച്ചു നല്ല കട്ടിയിൽ വരച്ചിരിക്കുന്ന ഈ വെളുത്ത ചിഹ്നത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും നിറഞ്ഞിട്ടുണ്ട്. റഷ്യയെ പിന്തുണ‍യ്ക്കുന്നവർ ഇതു പെയിന്‍റ് ചെയ്ത ടീ ഷർട്ടുകളും ധരിക്കുന്നുണ്ട്.

"Z" ചിഹ്നം ടീഷർട്ടുകളിലും

നിരീക്ഷകനായ ഗലീന സ്റ്റാറോവോയ്‌റ്റോവ ഫെല്ലോ കാമിൽ ഗലീവ് ട്വിറ്ററിൽ കുറിച്ചത് അനുസരിച്ച്, റഷ്യൻ സൈന്യം യുക്രെയ്‌നിലേക്കു പുറപ്പെടുന്ന അവരുടെ വാഹനങ്ങളിൽ വയ്ക്കുന്ന ഒരു അടയാളമാണ് "Z". "ചിലർ "Z" എന്നത് "Za pobedy" (വിജയത്തിന്) എന്ന് വ്യാഖ്യാനിക്കുന്നു. മറ്റുള്ളവർ - "Zapad" (പടിഞ്ഞാറ്)" എന്നു വ്യാഖ്യാനിക്കുന്നതായും അദ്ദേഹം പറയുന്നു. ഇതിപ്പോൾ റഷ്യയുടെ വിജയചിഹ്നമായും ദേശീയ സ്വത്വ പ്രതീകമായും മാറിയിട്ടുണ്ട്.

അതേസമയം, യുദ്ധഭൂമിയിൽ സ്വന്തം രാജ്യത്തിന്‍റെ സൈനിക വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും അബദ്ധത്തിൽ ആക്രമിക്കപ്പെടാതിരിക്കാനും ഉള്ള തന്ത്രത്തിന്‍റെ ഭാഗം കൂടിയാണ് ഈ അടയാളം എന്നു കരുതുതുന്നവരുമുണ്ട്.

ഫെബ്രുവരി 22ന് ഡൊനെറ്റ്സ്ക് മേഖലയിൽ പ്രവേശിച്ച റഷ്യൻ വാഹനങ്ങളിലാണ് "Z" ചിഹ്നം ആദ്യമായി കണ്ടതെന്ന് അവകാശപ്പെടുന്നവരുണ്ട്. ഈ ചിഹ്നം കാലാൾപ്പടയെ ചിത്രീകരിക്കാനുള്ള ഒരു മാർഗമാണെന്ന് പറയുന്ന ട്വീറ്റുകളും ഉണ്ട്.



അതേസമയം, 2014ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തപ്പോഴും സൈനിക വാഹനങ്ങളിലും മറ്റും ഇതേ അടയാളം പതിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇതുകൂടാതെ മറ്റു ചില ചിഹ്നങ്ങളും റഷ്യൻ സൈനിക വാഹനങ്ങളിൽ കാണുന്നുണ്ട്. ത്രികോണ രൂപവുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങളാണ് ചില വാഹനങ്ങളിൽ കാണുന്നത്.

എന്തായാലും യുക്രെയിനിലെ റഷ്യൻ മുന്നേറ്റത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ് സെഡ് എന്ന ഇംഗ്ലീഷ് അക്ഷരം.