കാർ ലേബർ റൂം ആയി! ശുശ്രൂഷകരായി 108 ആംബുലൻസ് ജീവനക്കാരും

12:17 PM Mar 07, 2022 | Deepika.com
കായംകുളം:108 ആംബുലൻസ് ജീവനക്കാരുടെ സംരക്ഷണയിൽ യുവതിക്കു കാറിനുള്ളിൽ സുഖപ്രസവം. തിങ്കളാഴ്ച പുലർച്ചെ രണ്ടോടുകൂടിയായിരുന്നു സംഭവം. കരീലകുളങ്ങരയിൽ താമസിക്കുന്ന യുവതിക്കു പുലർച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് 108 ആംബുലൻസ് വിളിച്ചു.

എന്നാൽ, തൊട്ടടുത്ത് 108 ആംബുലൻസ് സേവനം ഇല്ലാത്തതിനാൽ യുവതിയെ കാറിൽ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.ആശുപത്രി കവാടത്തിൽ എത്തിയപ്പോൾ യുവതിക്കു വേദന കലശലായി കാറിൽനിന്ന് ഇറങ്ങി വരാൻ കഴിയാത്ത അവസ്ഥയുമായി.

കായംകുളം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് മറ്റൊരു രോഗിയുമായി വണ്ടാനം മെഡിക്കൽ കോളജിലേക്കു പോകാൻ തയാറെടുക്കുമ്പോഴാണ് ഈ രംഗങ്ങൾ കാണുന്നത്.

ഉടൻതന്നെ കായംകുളം 108 ആംബുലൻസ് ഡ്രൈവർ അൽ മാഹീൻ, നഴ്‌സ് ഷെൽബി മോൾ എന്നിവർ അടിയന്തരമായി തന്നെ യുവതിക്കു വേണ്ട പരിചരണം നൽകി ആംബുലൻസിൽ ഉണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ചു കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രി ജീവനക്കാരെ ഏല്പിച്ചു.

യുവതിയുടെ പരിചരണം ഉറപ്പുവരുത്തിയിട്ടാണ് ഇവർ രോഗിയുമായി അവിടെനിന്നു തിരിച്ചത്. കരിയിലക്കുളങ്ങര പൂത്തൻ തറയിൽ വീട്ടിൽ വിനീതിന്‍റെ ഭാര്യ സുബി (24)യാണ് പെൺകുഞ്ഞിനു ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു.