കോഴിക്കോട്: നാദസ്വര മത്സരങ്ങളിൽ പെണ്‍കുട്ടികൾ അധികം പങ്കെടുക്കാറില്ല. പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ പരീക്ഷണത്തിന് അധികമാരും മിനക്കേടാറുമില്ല. എന്നാൽ ആണ്‍കുട്ടികളുടെ കുത്തക തകർത്തുകൊണ്ടാണ് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ അഗ്രീന ജി. കൃഷ്ണൻ ഇത്തവണ മിന്നും താരമായത്.
ഹൈസ്കൂൾ വിഭാഗംനാദസ്വരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അഗ്രീന ആസ്വാദകരുടെ ശ്രദ്ധ ആകർഷിച്ചത്. കുന്നമംഗലം കൃഷ്ണയിൽ മ്യൂസിക് ആർട്ടിസ്റ്റായ ഗിരീഷ് കൃഷ്ണന്റെയും ബീനയുടെയും മകളാണ് അഗ്രീന. അച്ഛൻ പരിപാടികൾക്ക് നാദസ്വരം അവതരിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഗ്രീനയുടെ വഴി വേറെയായിരുന്നു. ഗായികയായി പേരെടുത്ത അഗ്രീന നിരവധി ചാനലുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. തമിഴ് ചാനലിലും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട് ഈ പെണ്‍കുട്ടി.
ഗാനമേളകളിൽ പാടാറുള്ള അഗ്രീനയുടെ ഭക്തിഗാന ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ നാദസ്വരത്തിൽ മത്സരിക്കാൻ പെണ്‍കുട്ടികൾ ഉണ്ടാവുമെങ്കിലും അവരിൽ അധികവും പാലക്കാട്, എറണാകുളം ജില്ലയിൽ നിന്നുള്ളവരാകും.
നാദസ്വരത്തിൽ താരമായി പെണ്‍കുട്ടിയും
01:24 AM Jan 06, 2017 | Deepika.com