തിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കേരളത്തിൽ എത്തിച്ചു.
സംസ്ഥാന സർക്കാർ ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 166 പേരും മുംബൈയിൽനിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡൽഹിയിൽനിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തിൽ എത്തിയത്. ഇതോടെ യുക്രെയ്നിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.
യുക്രെയ്നിൽനിന്നു കൂടുതലായി മലയാളികൾ എത്തുന്ന സാഹചര്യത്തിലാണ് അതിവേഗത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്.
യുക്രെയ്നിൽനിന്ന് 193 മലയാളികൾ കൂടി നാട്ടിലെത്തി
09:30 PM Mar 03, 2022 | Deepika.com