കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനം സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് 31-നകം സർക്കാരിന് സമർപ്പിക്കാൻ തീരുമാനം. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.
ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിൽ അഞ്ചാം വാർഡിലെ ഓട് മാറ്റി ഷീറ്റിടാൻ തീരുമാനിച്ചു. എളുപ്പത്തിൽ ഓടിളക്കി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ വാർഡിന്റെ താഴെ ഭാഗത്താണ് ഷീറ്റിടുക. ഇവിടെനിന്ന് ഏഴാം വാർഡിലേക്ക് പോകുന്ന ഭാഗത്തുള്ള മതിലിന് ഉയരംകൂട്ടും. ഒരു പാചകക്കാരനെ നിയമിക്കാൻ സർക്കാരിൽ ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കാൻ നിർദേശം നൽകിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഓടിനു പകരം ഷീറ്റ്, മതിലിന് ഉയരം കൂട്ടും; കുതിരവട്ടത്ത് കൂടുതല്‍ സുരക്ഷ
07:51 PM Mar 03, 2022 | Deepika.com