വാരണാസി: യുക്രെയിനിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ തിരക്കിലാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമാജ്വാദി പാർട്ടിയുടെ പ്രചാരണത്തിനിടെ വാരണാസിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മമത.
ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂവെന്നും മമത പറഞ്ഞു. യുക്രെയ്നിൽ ഒരു യുദ്ധം നടക്കുന്നുണ്ട്. പ്രധാനമന്ത്രി യുപിയിൽ മീറ്റിംഗുകൾ നടത്തുകയാണ്. ഇതിൽ എന്താണ് പ്രധാനം? ഇന്ത്യൻ വിദ്യാർഥികളെ തിരികെ കൊണ്ടുവരുന്നത് പ്രധാനമല്ലേ എന്നും മമത ചോദിച്ചു.
മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇത്രയും നല്ല ബന്ധമുണ്ടെങ്കിൽ, ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് മൂന്ന് മാസം മുന്പ് അറിയാമായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യക്കാരെ യുക്രെയ്നിൽ നിന്ന് തിരികെ കൊണ്ടുവന്നില്ലെന്നും മമത ചോദിച്ചു.
യുക്രെയ്നിൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്പോൾ പ്രധാനമന്ത്രി റാലി നടത്തുകയാണെന്ന് മമത
05:29 PM Mar 03, 2022 | Deepika.com