അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി പ​റ​ക്കു​ന്ന​ത് 15 വി​മാ​ന​ങ്ങ​ൾ

07:26 PM Mar 02, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ൽ നി​ന്ന് 80 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രും അ​തി​ർ​ത്തി ക​ട​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. കീവിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരെയും പുറത്തെത്തിച്ചു. ഇ​തു​വ​രെ യു​ക്രെ​യ്ൻ വി​ട്ട​ത് 17,000 ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ച്ചി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റ് ര​ക്ഷാ​ദൗ​ത്യ വി​മാ​ന​ങ്ങ​ൾ ന​മ്മു​ടെ പൗ​ര​ന്മാ​രു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​യി. ഇ​ത്ര​യും വി​മാ​ന​ങ്ങ​ളി​ലാ​യി 3,352 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി പ​റ​ക്കു​ന്ന​ത് 15 വി​മാ​ന​ങ്ങ​ളാ​ണ്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം സി-17 ​ഇ​തി​നോ​ട​കം ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞു. റു​മാ​നി​യ​യി​ലെ ബു​ക്കാ​റെ​സ്റ്റി​ൽ നി​ന്ന് വ്യോ​മ​സേ​ന വി​മാ​നം ഇ​ന്ന് രാ​ത്രി ഡ​ൽ​ഹി​യി​ലെ​ത്തും.

വ്യോ​മ​സേ​ന​യു​ടെ മ​റ്റ് മൂ​ന്ന് വി​മാ​ന​ങ്ങ​ൾ ബു​ഡാ​പെ​സ്റ്റ് (ഹം​ഗ​റി), ബു​ക്കാ​റെ​സ്റ്റ് (റു​മാ​നി​യ), റ​സെ​സോ (പോ​ള​ണ്ട്) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ന് മ​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.