സമൂഹ മാധ്യമങ്ങളിൽ കത്തിപ്പടർന്നു ജോ ബൈഡന്‍റെ നാക്കുപിഴ

11:46 AM Mar 02, 2022 | Deepika.com
വാഷിംഗ്ടൺ: റഷ്യൻ അധിനിവേശത്തിനെതിരേ ‍യുക്രെയിനിനെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിലെ നാക്കുപിഴ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും കത്തിപ്പടർന്നു. യുക്രെയിൻ ജനത എന്നു പറയുന്നതു പകരം ഇറാൻ ജനത എന്നു വിശേഷിപ്പിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

പുടിൻ കീവിനെ ടാങ്കുകൾ ഉപയോഗിച്ചു വലയം ചെയ്തേക്കാം, പക്ഷേ, അദ്ദേഹം ഒരിക്കലും ഇറാനിയൻ ജനതയുടെ ഹൃദയവും ആത്മാവും നേടുകയില്ല- ഇതായിരുന്നു ബൈഡൻ തന്‍റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ പറഞ്ഞത്. യുക്രേനിയൻ ജനത എന്നതിനു പകരമാണ് അദ്ദേഹം ഇറാനിയൻ ജനത എന്നു പറഞ്ഞത്.

പറഞ്ഞു തീർന്ന നിമിഷം മുതൽ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും "ഇറാനിയൻ" എന്ന വാക്ക് ഉപയോഗിച്ചു ട്രെൻഡ് ചെയ്യാൻ തുടങ്ങി.

79കാരനായ ബൈഡന്‍റെ നാക്കുപിഴയ്ക്കുന്നത് ഇതാദ്യമല്ല. കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു സംസാരത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഈ പോരായ്മ മറികടക്കാൻ അദ്ദേഹം ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. യീറ്റ്‌സിന്‍റെയും എമേഴ്‌സണിന്‍റെയുമൊക്കെ കൃതികൾ ദീർഘനേരം വായിച്ചാണ് അദ്ദേഹം അതിനെ തരണം ചെയ്തതെന്നു അദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ വർഷം വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ "പ്രസിഡന്‍റ് ഹാരിസ്" എന്നു തെറ്റായി അദ്ദേഹം വിശേഷിപ്പിച്ചതും വലിയ ചർച്ചയായി മാറിയിരുന്നു.