വിദേശത്തു മെഡിസിൻ പഠിക്കുന്ന 90 ശതമാനം പേരും യോഗ്യത പരീക്ഷ ജയിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി

11:27 AM Mar 02, 2022 | Deepika.com
ന്യൂഡൽഹി: വിദേശത്തു മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യൻ വിദ്യാർഥികളും ഇന്ത്യയിൽ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെടുകയാണെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. എന്നിരുന്നാലും, എന്തുകൊണ്ടാണ് വിദ്യാർഥികൾ മെഡിസിൻ പഠിക്കാൻ വിദേശത്തേക്കു പോകുന്നത് എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഇതു ശരിയായ സമയമല്ലെന്നും പാർലമെന്‍ററി കാര്യമന്ത്രി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

വിദേശത്തു മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനു ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എഴുതി ജയിക്കണം. എന്നാൽ, പുറത്തു പഠിച്ചെത്തുന്ന ബഹുഭൂരിപക്ഷവും ഈ പരീക്ഷയിൽ പരാജയപ്പെടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ജോഷിയുടെ വിവാദ അഭിപ്രായ പ്രകടനം.

യുക്രെയിനിൽ റഷ്യൻ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരിൽ കുറെപ്പേരെ രക്ഷിച്ചു രാജ്യത്തു തിരിച്ചെത്തിക്കാൻ കഴിഞ്ഞെങ്കിലും ഇനിയും ആയിരക്കണക്കിനു പേർ സഹായത്തിനായി അഭ്യർഥിച്ചുകൊണ്ടിരിക്കുകയാണ്.

കീവിൽ ഉള്ളവരോടു ട്രെയിനിൽ പടിഞ്ഞാറൻ മേഖലകളിലേക്കു മാറാൻ എംബസി നിർദേശിച്ചെങ്കിലും ട്രെയിനിൽ ഇവർക്കു കയറിപ്പറ്റാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. ട്രെയിനിൽ സ്വദേശികളുടെ തിരക്കാണ്. പലേടത്തും പൂജ്യത്തിനു താഴെയാണ് താപനില. ബങ്കറുകളിൽ കഴിഞ്ഞിരുന്ന പലരും ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷണവും വെള്ളം തീർന്നു വലിയ ബുദ്ധിമുട്ടിലാണ്.

ആക്രമണം നടക്കുന്നുണ്ടെങ്കിലും ചിലർ സാഹസികമായി ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനും മറ്റും പുറത്തിറങ്ങുന്നുണ്ട്. ഇങ്ങനെ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം ഖാർകീവിൽ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി നവീൻ ആണ് ഷെൽ ആക്രമണത്തിൽ മരിച്ചത്. കാൽനട ആയും മറ്റും അതിർത്തിയിൽ എത്തിയവർക്കു കനത്ത തണുപ്പിൽ മണിക്കൂറുകളാണ് ക്യൂ നിൽക്കേണ്ടി വരുന്നത്.

അതേസമയം, വിദ്യാർഥികൾ വിദേശത്തു മെഡിക്കൽ പഠനത്തിനു പോകുന്നതിനെ വിമർശിക്കുന്നവർ ഇന്ത്യയിൽ ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാനുള്ള മെഡിക്കൽ സീറ്റുകൾ ഉണ്ടോയെന്നു വ്യക്തമാക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കൾ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.

ഇന്ത്യൻ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ ഇത്രയും ദുഷ്കരമായ സാഹചര്യങ്ങളിലേക്കു മക്കളെ പറഞ്ഞ് അയയ്ക്കുമോയെന്നും ഇവർ ചോദിക്കുന്നു. മാത്രമല്ല, രാജ്യത്തിന് ആവശ്യത്തിനുള്ള ഡോക്ടർമാരെ സംഭാവന ചെയ്യാൻ ഇവിടുത്തെ മെഡിക്കൽ കോളജുകൾ പര്യാപ്തമല്ലെന്നും വിദേശത്തു പഠിച്ചവർ കൂടി പ്രാക്ടീസ് ചെയ്യുന്നതുകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും ഡോക്ടർമാരുടെ കുറവ് പരിഹരിക്കപ്പെട്ടു പോകുന്നതെന്നും ഇവർ വാദിക്കുന്നു.