ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടെസ്റ്റ് പരമ്പര ജയത്തിനായി ന്യൂസിലൻഡ് ഇനിയും കാത്തിരിക്കണം. രണ്ടാം ടെസ്റ്റിൽ വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിൽ പിടിച്ചു. ഇതോടെ രണ്ടു മത്സര പരമ്പര 1-1 എന്ന നിലയിൽ അവസാനിച്ചു.
426 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അവസാന ദിവസം തോൽവി ഏറെക്കുറെ ഉറപ്പിച്ചാണ് ബാറ്റിംഗിനെത്തിയത്. 94/4 എന്ന നിലയിൽ തുടങ്ങിയ കിവീസ് ഇന്നിംഗ്സ് 227 റണ്‍സിൽ അവസാനിച്ചു. 92 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വെയാണ് ടോപ്പ് സ്കോറർ. ടോം ബ്ലണ്ഡൽ 44 റണ്‍സ് നേടി. അവസാന ആറ് വിക്കറ്റുകൾ 61 റണ്‍സിനിടെ ആതിഥേയർക്ക് നഷ്ടമായി.
ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. മത്സരത്തിൽ എട്ട് വിക്കറ്റും 47 റണ്‍സും നേടിയ റബാഡ മാൻ ഓഫ് ദ മാച്ചായി. രണ്ടു ടെസ്റ്റിൽ നിന്നും 14 വിക്കറ്റുകൾ നേടിയ മാറ്റ് ഹെൻട്രിയാണ് പരമ്പരയുടെ താരം.
ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര സമനിലയിൽ
12:15 PM Mar 01, 2022 | Deepika.com