ച​ർ​ച്ച അ​വ​സാ​നി​ച്ചു: സേ​നാ​പി​ന്മാ​റ്റ​ത്തി​ൽ ഉ​റ​ച്ച് യു​ക്രെ​യ്ന്‍, കീ​വ് വി​ടാ​ൻ ജ​ന​ങ്ങ​ളോ​ട് റ​ഷ്യ

10:53 PM Feb 28, 2022 | Deepika.com
കീ​വ്: ബെ​ലാ​റൂ​സി​ല്‍ ന​ട​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ളു​ടെ ആ​ദ്യ റൗ​ണ്ട് ച​ര്‍​ച്ച അ​വ​സാ​നി​ച്ചു. അ​ഞ്ച​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ച​ര്‍​ച്ച ന​ട​ന്ന​ത്. ച​ര്‍​ച്ച​യ്ക്ക് ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ മ​ട​ങ്ങി​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍ ഇ​നി​യും തു​ട​രാ​ൻ ധാ​ര​ണ​യാ​യി. ര​ണ്ടാം റൗ​ണ്ട് ച​ര്‍​ച്ച അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. പോ​ള​ണ്ട്- ബെ​ലാ​റൂ​സ് അ​തി​ർ​ത്തി​യി​ലാ​യി​രി​ക്കും ഈ ​ച​ർ​ച്ച​യെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു.

ച​ര്‍​ച്ച​യി​ല്‍ സ​മ്പൂ​ര്‍​ണ സേ​നാ​പി​ന്‍​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് യു​ക്രെ​യ്ന്‍ രം​ഗ​ത്തെ​ത്തി. ക്രി​മി​യ​യി​ല്‍ നി​ന്നും ഡോ​ണ്‍​ബാ​സി​ല്‍ നി​ന്നും റ​ഷ്യ​ന്‍ സേ​ന പി​ന്മാ​റ​ണ​മെ​ന്നും യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു. ധാ​ര​ണ​യി​ലെ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടെ​ന്ന് റ​ഷ്യ​യും അ​റി​യി​ച്ചു.

ഇ​തി​നി​ടെ യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​നം കീ​വി​ൽ​നി​ന്നു മാ​റാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് റ​ഷ്യ​ന്‍ സേ​ന നി​ര്‍​ദേ​ശം ന​ൽ​കി. ന​ഗ​ര​ത്തി​ന് പു​റ​ത്തേ​ക്ക് സു​ര​ക്ഷി​ത പാ​ത ന​ല്‍​കാ​മെ​ന്നും റ​ഷ്യ​ന്‍ സൈ​ന്യം അ​റി​യി​ച്ചു. .