കനത്ത സുരക്ഷയിൽ മണിപ്പുരിൽ വോട്ടെടുപ്പ് തുടങ്ങി

10:02 AM Feb 28, 2022 | Deepika.com
ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 60 സീറ്റിൽ 38 സീറ്റുകളിലേക്കാണ് രാവിലെ ഏഴു മുതൽ വോട്ടെടുപ്പ് തുടങ്ങിയത്.

സംഘർഷഭരിതമായ സംസ്ഥാനം എന്ന നിലയ്ക്കാണ് അറുപതു സീറ്റുകൾ മാത്രമേയുള്ളെങ്കിലും രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രണ്ടാം തവണയും അധികാരത്തിലെത്താനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം പരിശ്രമിക്കുന്നത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസ് സഖ്യമുണ്ട്.

ബിജെപിക്കും കോൺഗ്രസിനും പുറമെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും 38 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്‍റെ ഭാഗമായ നാഷണൽ പീപ്പിൾസ് പാർട്ടിയും നാഗാ പീപ്പിൾസ് ഫ്രണ്ടും എൻ. ബിരേൻ സിംഗ് സർക്കാരിൽ അതൃപ്തി പ്രകടിപ്പിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

20 വർഷത്തിനു ശേഷം ജനതാദൾ യുണൈറ്റഡ് സംസ്ഥാനത്തു തെരഞ്ഞെടുപ്പിനെ ഇത്തവണ നേരിടുകയാണ്.