കർണാടകയിലെ ബാബുവായി നിഷാങ്ക്! ഒടുവിൽ വ്യോമസേന രക്ഷിച്ചു- വിഡിയോ

10:09 AM Feb 21, 2022 | Deepika.com
നന്ദിഹിൽസ് (കർണാടക): പാലക്കാട് ചേറാട് മല കയറാൻ പോയി പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിന്‍റെ അതേ അവസ്ഥയിൽ കർണാടകയിൽ ഒരു വിദ്യാർഥി. മണിക്കൂറുകൾക്കു ശേഷം വ്യോമസേനയും പോലീസും ചേർന്നു യുവാവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം കർണാടകയിലെ നന്ദിഹിൽസിൽ ബ്രഹ്മഗിരി പാറക്കെട്ടിലാണ് ആണ് അപകടമുണ്ടായത്.

ട്രെക്കിംഗ് നടത്തുന്നതിനിടയിൽ കാലു തെറ്റിയ നിഷാങ്ക് എന്ന പത്തൊന്പതുകാരൻ 300 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.

എയർഫോഴ്‌സിലെ ആരോഗ്യവിദഗ്ധർ നിഷാങ്കിന് അടിയന്തര ശുശ്രൂഷകൾ നൽകി. തുടർന്ന് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ എയർഫോഴ്‌സ് സ്റ്റേഷനായ യെലഹങ്കയിലേക്ക് എത്തിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റി.



പാലക്കാട് മലന്പുഴയ്ക്കു സമീപം ചേറാട് മല കയറാൻ പോയ ബാബു എന്ന യുവാവ് കാലു തെറ്റി വീണതിനെത്തുടർന്നു ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കു ശേഷമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പാറക്കെട്ടിലെ ചെറിയ വിടവിൽ കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർ ഫോഴ്സും എൻഡിആർഎഫും ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല.

തുടർന്നു കോസ്റ്റ്ഗാർഡിന്‍റെ ഹെലികോപ്ടർ കൊണ്ടുവന്നെങ്കിലും അതും പ്രയോജനപ്പെട്ടില്ല. തുടർന്നു കേരള സർക്കാർ ഇടപെട്ട് ഇന്ത്യൻ ആർമിയുടെ സഹായം തേടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ റോപ്പ് ഉപയോഗിച്ചു രക്ഷപ്പെടുത്തിയത്.

ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവം ദേശീയമാധ്യമ ശ്രദ്ധ നേടിയിരുന്നു. അതിനെ ഒാർമിപ്പിക്കുന്ന രീതിയിലാണ് വ്യോമസേന നിഷാങ്കിനെ ബ്രഹ്മഗിരി പാറക്കെട്ടിൽനിന്നു രക്ഷിച്ചിരിക്കുന്നത്. നിഷാങ്കിനെ രക്ഷപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും വ്യോമസേന പങ്കുവച്ചിട്ടുണ്ട്.