നാലാം വിജയത്തിനു കോപ്പുകൂട്ടി സ്റ്റാലിൻ; തമിഴ്നാട്ടിൽ നഗരസഭാ തെരഞ്ഞെടുപ്പ്

10:50 AM Feb 19, 2022 | Deepika.com
ചെന്നൈ: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്‌നാട്ടിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കുന്നു. തുടർച്ചയായ നാലാം തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഖ്യം.

ലോക്സഭാ തെരഞ്ഞെടുപ്പിലും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാറിച്ച വിജയക്കൊടി നഗരസഭാ തെരഞ്ഞെടുപ്പിലും പാറിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം.

ചെന്നൈ ഉൾപ്പെടെ 21 നഗരങ്ങളും 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും 12,000ൽ അധികം അംഗങ്ങളെ തെരഞ്ഞെടുക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ ബോഡികൾക്ക് തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉണ്ടായിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ വാഗ്ദാനം ചെയ്ത വീട്ടമ്മമാർക്കു പ്രതിമാസം 1,000 രൂപ ശമ്പളം നൽകുമെന്ന പ്രഖ്യാപനം സർക്കാർ ഉടൻ നടപ്പാക്കുമെന്ന് എം.കെ. സ്റ്റാലിൻ പ്രചാരണത്തിനിടെ ആവർത്തിച്ചു.

അതേസമയം, മൂന്നു തെരഞ്ഞെടുപ്പുകളിലെ പരാജയത്തിനു ശേഷം തങ്ങളുടെ രാഷ്‌ട്രീയ ഭാഗ്യം വീണ്ടും പരീക്ഷിക്കുകയാണ് പ്രതിപക്ഷ എഐഎഡിഎംകെ സംഖ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ നാല‌ു സീറ്റുകൾ നേടി സംസ്ഥാനത്തു കാലുറപ്പിച്ച ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് തങ്ങളുടെ ചുവടുറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് എഐഎഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ചു ബിജെപി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടെങ്കിലും നടൻ കമൽഹാസന്‍റെ എംഎൻഎം പോരാട്ടത്തിനു രംഗത്തുണ്ട്.