ദീപുവിനെ അടിച്ചുകൊന്നു, പിന്നിൽ എംഎൽഎ; ആഞ്ഞടിച്ചു സാബു എം. ജേക്കബ്

11:14 AM Feb 19, 2022 | Deepika.com
കിഴക്കന്പലം: ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ.ദീപു (38) സിപിഎം പ്രവർത്തകരുടെ മർദനമേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിനും ശ്രീനിജിൻ എംഎൽഎയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്‍റി ട്വന്‍റി ചീഫ് കോ ഒാർഡിനേറ്ററും കിറ്റക്സിന്‍റെ അമരക്കാരനുമായ സാബു എം. ജേക്കബ്. എംഎൽഎയുടെ നേതൃത്വത്തിൽ കിഴക്കന്പലം ഉൾപ്പെടെ നാലു പഞ്ചായത്തുകളിൽ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നിൽ സിപിഎമ്മും പി.വി. ശ്രീനിജിൻ എംഎൽഎയുമാണെന്നും സാബു ആരോപിച്ചു. എംഎൽഎയുടെയും പ്രതികളുടെയും ഫോൺ കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചാൽ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്.

വിളക്കണയ്ക്കൽ സമരത്തിൽ പങ്കെടുത്ത ട്വന്‍റി ട്വന്‍റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മർദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മർദനത്തിൽ പരിക്കേറ്റു പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നാൽ പരാതിക്കാരൻ പ്രതിയാകുന്ന അവസ്ഥയാണ്. എംഎൽഎ പറയുന്നതുപോലെയാണ് പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനകം അന്പതോളം ട്വന്‍റി ട്വന്‍റി പ്രവർത്തകർക്കു സിപിഎമ്മുകാരുടെ മർദനത്തിൽ പരിക്കേറ്റു. പോലീസ് സ്റ്റേഷനിൽനിന്നു നീതി കിട്ടാത്തതിനാൽ പലരും പരാതി പറയാൻ പോലും പോയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്‍റുമാർക്കും മെംബർമാർക്കും ഭയന്നു പുറത്തിറങ്ങാൻ കഴിയാത്ത ഭീകരാന്തരീക്ഷമാണ് സിപിഎം എംഎൽഎയുടെ നേതൃത്വത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

വിളക്കണയ്ക്കൽ സമരത്തിന് ഒട്ടിച്ച പോസ്റ്റർ മുഴുവൻ സിപിഎമ്മുകാർ കീറിക്കളഞ്ഞു. മൈക്ക് അനൗൺസ്മെന്‍റ് വാഹനം തല്ലിത്തകർത്തു. പ്രവർത്തകനെ മർദിച്ചു. ഇതിനെതിരേ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ വാദി പ്രതിയായി.

തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ കഴിയാത്തതിനാൽ ട്വന്‍റി ട്വന്‍റിയെ മർദിച്ചു തോൽപിക്കാമെന്നാണ് സിപിഎം കരുതിയിരിക്കുന്നത്. ജയിച്ചു പത്തു മാസമായിട്ടും ശ്രീനിജിൻ എംഎൽഎ നാട്ടുകാർക്കു ഗുണം ചെയ്യുന്ന ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്നും ട്വന്‍റി ട്വന്‍റിയെ ഗുണ്ടാ ആക്രമണത്തിലൂടെ തകർക്കുക എന്ന പരിപാടിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.