കൊച്ചി: ചെന്നൈ ആസ്ഥാനമായ സ്കിസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ (സ്കാര്‍ഫ് ഇന്ത്യ) 2021ലെ ദേശീയ മാധ്യമ പുരസ്കാരം ദീപിക കൊച്ചി യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സിജോ പൈനാടത്തിന്. മാനസികാരോഗ്യ മേഖലയിലുള്ള മികച്ച മീഡിയ റിപ്പോര്ട്ടിംഗിനാണു ഇരുപതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം. ഫെബ്രുവരി 25ന് ചെന്നൈയിലാണ് പുരസ്കാര സമര്‍പ്പണം.
2020 ജൂലൈ 24 മുതല്‍ ദീപികയില്‍ ആറ് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ച "അകത്തിരിപ്പുകാലത്തെ കുരുന്നു മുറിവുകള്‍' എന്ന പരമ്പരയാണു സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
കോവിഡ് മഹാമാരിയില്‍ വീടുകള്‍ക്കകത്ത് ഒതുങ്ങിക്കൂടേണ്ടിവന്ന കുരുന്നുകളുടെയും വിദ്യാര്‍ഥികളുടെയും മാനസികാരോഗ്യ സ്ഥിതി, പ്രതിസന്ധികള്‍ , ലോക്ക്ഡൗണിലെ കൗമാര ആത്മഹത്യകള്‍, ഓണ്‍ലൈന്‍ പഠനത്തിലെ സങ്കീര്‍ണതകള്‍, അതിജീവനവഴികള്‍, ക്രിയാത്മക സാധ്യതകള്‍, വിദഗ്ധ നിരീക്ഷണങ്ങള്‍, പഠനരേഖകള്‍, ശാസ്ത്രീയ വിവരങ്ങള്‍ എന്നിവയായിരുന്നു പരമ്പരയുടെ ഉള്ളടക്കം.
2021ലെ സ്കാര്‍ഫ് ഇന്ത്യ മാധ്യമ പുരസ്കാരം നേടുന്ന ഏക മലയാളി മാധ്യമപ്രവര്ത്തകന് കൂടിയാണു സിജോ പൈനാടത്ത്. നേരത്തെ സ്വരാജ് ഫൗണ്ടേഷന് മാധ്യമ പുരസ്കാരം, ഹ്യൂമന്‍ റൈറ്റ്സ് ഫോറം മീഡിയ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി) മകനാണ്.
സ്കാര്‍ഫ് ഇന്ത്യ മീഡിയ അവാര്‍ഡ് സിജോ പൈനാടത്തിന്
08:00 PM Feb 18, 2022 | Deepika.com